Tuesday 1 September 2009

ശ്രീനിയാണ് താരം


'വടക്കുനോക്കിയന്ത്രത്തിലെ' തളത്തില്‍ ദിനേശനെ മലയാളികള്‍ മറക്കാനിടയില്ല.അന്ന് വരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത് .സുന്ദരിയായ ഭാര്യയെ സംശയിച്ചു മനോരോഗിയായി മാറിയ സുന്ദരനല്ലാത്ത ഭര്‍ത്താവ്‌ നമ്മുടെ 'ടിപ്പികല്‍' നായക സങ്കല്‍പ്പത്തിന് എക്കാലത്തേക്കുമുള്ള ഒരു ഷോക്ക്‌ കൂടിയാവുന്നു .അതുപോലെ 'പൊന്മുട്ടയിടുന്ന താറാവിലെ' തട്ടാന്‍ ഭാസ്കരനെയും ,'തലയണമന്ത്ര' ത്തിലെ സുകുമാരനേയും,'സന്ദേശ' ത്തിലെ പ്രഭാകരന്‍ കൊട്ടപ്പള്ളിയെയും,'പാവം പാവം രാജകുമാരനിലെ 'ഗോപാലകൃഷ്ണന്‍ മാഷെയും,'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷെയും മലയാളത്തിനു മറക്കാന്‍ കഴിയില്ല .സ്വത സിദ്ധമായ രൂപ ഭാവ ചലനങ്ങളിലൂടെ, വേറിട്ട്‌ നില്‍ക്കുന്ന സംഭാഷണ രീതിയിലൂടെ ,സൂക്ഷ്മാംശങ്ങളെ സ്പര്‍ശിക്കുന്ന അഭിനയ പാടവത്തിലൂടെ ഈ കഥാപാത്രങ്ങളെ യെല്ലാം അവിസ്മരണീയമാക്കിയത് മലയാള സിനിമാ ഹാസ്യത്തിന്റെ വ്യത്യസ്ത മുഖമായ ശ്രീനിവാസനാണ് .ഈ കഥാ പാത്രങ്ങളില്‍ പലതും അദേഹത്തിന്റെ തന്നെ സൃഷ്ടികളാണ് .ഈ സമൂഹത്തോടും നമ്മുടെ ജീവിതത്തോടും പലതുകൊണ്ടും പ്രതിബദ്ധമാവുന്ന ചലച്ചിത്രരചനകള്‍.

മധ്യവര്‍ത്തി സിനിമ ഇന്ന് ഏറ്റവും ക്ഷാമം അനുഭവിക്കുന്നത് സാമാന്യം കൊള്ളാവുന്ന തിരക്കഥകളുടെ കാര്യത്തിലാണ് .പദ്മരാജന്റെയും ലോഹിത ദാസിന്റെയും ആകസ്മികമരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തമായി തീരുന്നത് ഇവിടെയാണ് .എം .ടി യാവട്ടെ ഏറെക്കുറെ മൌനത്തിലുമാണ് .എഴുപത്-എണ്‍പതുകളില്‍ മധ്യവര്‍ഗ്ഗ അസ്വസ്ഥതകളെ സീരിയസ് ആയി സമീപിച്ചത് എം .ടി .യാണെങ്കില്‍ എണ്‍പതു-തൊണ്ണൂറുകളില്‍ മധ്യവര്‍ഗ്ഗ അപകര്‍ഷങ്ങളെ 'സരസമായി ' നിരീക്ഷിക്കുന്നത് ശ്രീനിവാസനാണ് .അതുകൊണ്ട് തന്നെ 'കോമഡി സിനിമ 'യുമായി മാത്രം ബന്ധപ്പെടുത്തികൊണ്ടുള്ള ഇമേജില്‍ ശ്രീനിവാസനെ തളച്ചിടുന്നത് മലയാള സിനിമയ്ക്കു വലിയൊരു നഷ്ടമായിരിക്കും .

'ചിന്താവിഷ്ടയായ ശ്യാമളയിലെ ' വിജയന്‍ മാഷ് ഇക്കാലഘട്ടത്തിലെ ജീവിക്കുന്ന ഒരു കഥാപാത്രമാണ് .കയ്യിലുള്ള അധ്യാപക ജോലി പോലും കളഞ്ഞു വ്യവസായ സംരംഭകനാകാന്‍ തത്രപ്പെടുന്ന വിജയന്‍ മാഷെന്ന കഥാപാത്രം ഒടുവില്‍ പരാജയത്തിന്റെ ജീവിത ചിത്രം സ്വയം ഏറ്റു വാങ്ങുകയാണ് ചെയ്യുന്നത് .സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെട്ടു അദ്ധ്യാത്മികതയുടെ പുതിയ വാതായനങ്ങളിലേക്ക് കടന്നു ചെല്ലുന്ന മാഷ് ഒടുവില്‍ പച്ചയായ ജീവിത യഥാര്‍ധ്യങ്ങള്‍ കണ്ടു നടുങ്ങുന്നു .ശ്രീനിവാസന്‍ എന്ന താരത്തിന്റെ അഭിനയം മാത്രമല്ല 'ചിന്താവിഷ്ടയായ ശ്യാമള' .അതൊരു വലിയ കലാകാരന്റെ കണ്ടെത്തലും കൂടിയാണ് .ഉള്ള തൊഴില്‍ കളഞ്ഞു പുതിയ വാതായനങ്ങള്‍ തേടുമ്പോഴും നമ്മുടെയുള്ളില്‍ 'താന്‍ ആര് ?' എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് ശ്രീനിവാസന്റെ കഥയും ,തിരക്കഥയും നമ്മോടു പറയുകയാണ് .സിനിമ സമൂഹത്തിന്റെ വികാസത്തിനും തിരിച്ചറിവിനും വേണ്ടിയാണെന്ന് നമ്മെ ഓര്‍മ്മ പ്പെടുത്തുകയാണ് ശ്രീനിവാസനിലെ തിരക്കഥകൃത്ത്.
വ്യക്തികള്‍ അവരവരിലേക്ക് ചുരുങ്ങുന്ന സമകാലീനതയില്‍ സമൂഹം വിഘടിക്കുകയാണ് .ശക്തമായ ഒരു സമൂഹം ഇല്ലാത്ത സ്ഥിതിക്ക് സാമുഹ്യ വിമര്‍ശനം ശവത്തില്‍ കുത്തും പോലെയാണ് .അതുകൊണ്ട് തന്നെ ഇന്നിവിടെ വിമര്‍ശിക്കേണ്ടത്‌ വ്യക്തിജീവിതത്തിലെ മാലിന്യങ്ങളെയാണ് .ശ്രീനിവാസന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'വടക്കുനോക്കിയന്ത്രം ' കുറ്റങ്ങളുള്ള സമൂഹത്തെയല്ല കുറ്റങ്ങളുള്ള വ്യക്തിയെയാണ് പരിഹസിക്കുന്നത് .ആ സിനിമയിലെ സംശയാലുവായ ഭര്‍ത്താവിന്റെ അവസ്ഥ ഒരു സാമുഹ്യ ബോധത്തിന്റെ ഭാഗം തന്നെയാണ് .പരസ്പര വിശ്വാസത്തിന്റെ സീമന്തരേഖകള്‍ നഷ്ടപ്പെട്ട ഭാര്യ ഭര്‍തൃ ബന്ധത്തില്‍ വടക്കുനോക്കിയന്ത്രം പോലുള്ള ചലച്ചിത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട് .ഭാര്യാ പിതാവിനെപ്പോലും സംശയത്തിന്റെ പേരില്‍ ആക്രമിക്കപ്പെടെണ്ടി വരുന്നത് തിരക്കഥകൃതിന്റെയോ നടന്റെയോ കുറ്റം കൊണ്ടല്ല മറിച്ച് അത് പുതിയ സാമുഹ്യ സാഹചര്യത്തിന്റെ മാത്രം പ്രശ്നമാണ്‌ .നടന്‍ എന്ന നിലയിലും തിരക്കഥകൃത്ത് എന്ന രൂപത്തിലും ശ്രീനിവാസന്‍ തന്റെ അസ്തിത്വം സ്ഥാപിച്ച ചിതങ്ങളാണ് ഇവയൊക്കെ .

എണ്‍പതുകളുടെ ആദ്യ പകുതിയില്‍ തന്നെ സിബി മലയില്‍ ,പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകര്‍ക്ക് വേണ്ടി ശ്രീനിവാസന്‍ തിരക്കഥകള്‍ രചിച്ചിട്ടുണ്ട് .സിബി ചെയ്ത "ദൂരെ ദൂരെ ഒരു കൂട് കൂട്ടാം" അന്ന് തന്നെ സാമുഹ്യവിമര്‍ശനത്തിനുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കി .എന്നാല്‍ പ്രിയദര്‍ശനോടൊന്നിച്ചുള്ള 'ഓടരുതമ്മാവാ ആളറിയാം','അരം + അരം = കിന്നരം','മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ','ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ ' തുടങ്ങിയ ആദ്യകാല ശ്രീനിവാസന്‍ രചനകള്‍ "ചിരിക്കു വേണ്ടിയുള്ള ചിരി" മാത്രമായിരുന്നു.അവ സാമുഹ്യ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്നില്ല .ഇന്ന് കാണുമ്പൊള്‍ അവയിലെ ചില തമാശകള്‍ അരോചകവുമാണ്‌.എങ്കിലും നടന്‍മാര്‍ എന്ന നിലയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉയര്‍ത്തിക്കൊണ്ടു വന്നതില്‍ ആ ചിത്രങ്ങളെ നമുക്ക് അവഗണിക്കാനും കഴിയില്ല.പ്രമുഖ സംവിധായകനായ ജയരാജ്‌ "വിദ്യാരംഭം" കുറിച്ചത് ശ്രീനിവാസന്റെ തിരക്കഥയോടെയാണ് .കമല്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത ഒരു പ്രധാന ഘടകം ശ്രീനിവാസന്റെ ചില തിരക്കഥകളാണ്.

എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തോട് മമത പുലര്‍ത്തുന്ന സത്യന്‍ അന്തിക്കാടിന്റെ കൂട്ടുകെട്ടിലാണ് ശ്രീനിവാസന്റെ സാമുഹ്യ ബോധവും,മധ്യവര്‍ഗ്ഗ ജീവിതത്തെ കുറിച്ചുള്ള സൂഷ്മനിരീക്ഷണങ്ങളുമെല്ലാം മലയാള സിനിമയ്ക്കു അനുഭവവേദ്യമായത് .'ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ് ','സന്മനസുള്ളവര്‍ക്ക് സമാധാനം ',നാടോടിക്കാറ്റ് ' തുടങ്ങിയ സത്യന്‍ ചിത്രങ്ങളിലൂടെയാണ് ഇടത്തരക്കാരന്റെ ജീവിത നിസ്സഹായതകളെ സരസമായി ആവിഷ്കരിക്കുന്നതിനുള്ള കൈത്തഴക്കം ശ്രീനിവാസന് ലഭിച്ചത് .സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് എത്തുന്നതിനു മുന്‍പ് അടുത്ത വീട്ടിലെ ചെറുപ്പക്കാരനെ എന്നപോലെ മലയാളികള്‍ മോഹന്‍ലാലിനെ സ്നേഹിക്കാന്‍ തുടങ്ങിയത് സത്യന്‍ -ശ്രീനി ചിത്രങ്ങളിലൂടെയാണ് .തൊഴിലില്ലായ്മയുടെ ഇതിഹാസം എന്ന് വിളിക്കാന്‍ പാകത്തില്‍ മഹനീയമായിരുന്നു സിദ്ധിക്ക്‌ ലാലിന്റെ 'കഥാബീജ'ത്തില്‍ നിന്നു ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത നാടോടിക്കാറ്റിന്റെ സ്ക്രിപ്റ്റ് .

സ്വന്തം തിരക്കഥയിലും സംവിധാനത്തിന്റെ നടുവിലും ഏറ്റവും പരിഹസിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ വേഷം ഏറ്റുവാങ്ങി തന്നിലേക്ക് തന്നെ പരിഹാസം എറിയുക എന്നത് ശ്രീനിവാസന്റെ മാത്രം പ്രത്യേകതയാണ് .ഇവിടെ ദുഷിച്ചുനാറിയ ഒരു സമൂഹമുണ്ടെന്നും അത് അടുത്ത തലമുറയിലേക്കു പകരരുത് എന്നും ഈ തിരക്കഥകൃത്ത് നമ്മോടു പറയുകയാണ് .സ്വയം വിഡ്ഢിയല്ലെങ്കിലും ഒരു വിഡ്ഢിവേഷം അഭിനയിക്കാന്‍ അദ്ദേഹത്തിന് മടിയില്ല .ഇതാണ് അഭിനേതാവിന്റെ ധര്‍മ്മം എന്ന് പറയുന്നത് .സൗന്ദര്യത്തിന്റെ മാസ്മരികഭാവം അവകാശപ്പെടാനില്ലാത്ത മലയാളത്തിന്റെ ഈ കറുത്ത മുത്ത്‌ സിനിമയുടെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞു .ഇത് നേടിയത് തന്നിലെ പ്രതിഭയുടെ തിളക്കം കൊണ്ടാണ് .തിരക്കഥയും ,അഭിനേതാവും ,സംവിധായകനും ഒരേതൂവല്‍ പക്ഷികളാക്കി മാറ്റിയ ഈ സകലകലവല്ലഭനു തുല്യനായി അദ്ദേഹം മാത്രമേയുള്ളു .

Saturday 1 August 2009

മകരജ്യോതി ;സത്യവും,മിഥ്യയും


"ഇതാ,ഇതാ, അങ്ങകലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായിരിക്കുന്നു.അതാ , അതാ അയ്യപ്പന്റെ അത്ഭുത പ്രഭ!"കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ആകാശവാണിയിലൂടെ എല്ലാ വര്‍ഷവും മകരം ഒന്നാം തീയതി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ദൃക്‌സാക്ഷി വിവരണം ആണിത് .ദൃശ്യ മാധ്യമങ്ങളും പത്ര മാധ്യമങ്ങളും കൂടി പൊലിപ്പിച്ചു ദിവ്യമാനങ്ങള്‍ നല്‍കി മാലോകരേ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന വെറുമൊരു കര്‍പ്പൂരം കത്തിക്കല്‍.ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന തട്ടിപ്പ് നാടകം .മകരസംക്രാന്തി നാള്‍ സന്ധ്യക്ക്‌ കത്തിച്ചുയര്‍ത്തുന്ന ഈ കര്‍പ്പൂര ദീപത്തിന്റെ ബലത്തിലാണ് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കേരളത്തിലെമ്പാടും രോഗശാന്തി ശുശ്രൂഷകരും, വചന പ്രഘോഷകന്മാരും,സിദ്ധന്‍ മാരുമൊക്കെ ആല്‍മരം പോലെ പടര്‍ന്നു പന്തലിച്ചത് .പൊന്നമ്പലമേട്ടിലെ കര്‍പ്പൂരവിളക്കിനു കിട്ടിയ ദിവ്യപരിവേഷവും,മാധ്യമങ്ങളിലൂടെ കൈവന്ന അംഗീകാരവും നാനാ ജാതി മതസ്ഥരായ തട്ടിപ്പുകാര്‍ക്കൊരു രജത രേഖയായിരുന്നു .അത്ഭുതങ്ങള്‍ പ്രചരിപ്പിച്ചു ജനലക്ഷങ്ങളെ കയ്യിലെടുത്തു കോടികള്‍ വാരാമെന്ന സൂചന .

ഇന്ന് ശാസ്ത്ര-സാങ്കേതിക രംഗ ങ്ങളില്‍ ഉണ്ടായിരിക്കുന്ന കുതിച്ചുചാട്ടം പോലും ഈ അന്ധ വിശ്വാസങ്ങളുടെ വ്യാപനത്തിന് സഹായകരമായി തീര്‍ന്നു എന്ന വൈപരീത്യമാണ് സംഭവിച്ചിരിക്കുന്നത്.സാംക്രമികരോഗം പോലെയാണ് ഇത്തരം വിശ്വാസ ഭ്രാന്ത്‌ നമ്മുടെ സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്നത്‌ .ക്രിസ്ത്യന്‍ പാരമ്പര്യമുള്ള മലയാള മനോരമ പോലും നക്ഷത്രഫലം ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമായി .ദേശാഭിമാനി ഉത്സവ പതിപ്പുകള്‍ ഇറക്കിത്തുടങ്ങി .ജ്യോതിഷ പണ്ഡിതന്മാര്‍ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്നു .ശബരിമല -ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പുകള്‍ പോലും പത്രങ്ങളിലെ ഒന്നാം കോളം വാര്‍ത്തയാകുന്നു.ശബരിമലയില്‍ ,കണ്ടതെല്ലാം കയ്യിട്ടു വാരുന്ന ഉപജാപക വൃന്ദത്തെ നിയന്ത്രിക്കാന്‍ നീതിപീറത്തിനു കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കേണ്ട അവസ്ഥയും വന്നുചേര്‍ന്നു .

1973 ജനുവരി 11 നു യുക്തിവാദി സംഘ
ത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന എം .ആര്‍ .നാഥന്‍ പൊന്നമ്പലമേട്ടിലെ 'പാദസ്പര്‍ശനമേല്ക്കാത്ത പുണ്യഭൂമിയിലെത്തി' പന്തങ്ങള്‍ കത്തിച്ചുകാട്ടി മകരജ്യോതി തെളിച്ചതോടെ പോളിഞ്ഞുപോയതാണ് ദിവ്യജ്യോതിക്കഥ.പിന്നെ 1984 വരെ മകരസംക്രാന്തി നാള്‍ ഒട്ടേറെ യുക്തിവാദികളും പരിസ്ഥിതിപ്രവര്‍ത്തകരും അവിടെയെത്തി വിളക്ക് തെളിച്ചും,മകരജ്യോതി കത്തിക്കുന്നത് നേരിട്ടു കണ്ടും ഈ തട്ടിപ്പ് പുറത്തു കൊണ്ടുവന്നിട്ടുണ്ട് .അയ്യപ്പന്റെ പരമഭക്തനായിരുന്ന മലയാള മനോരമയിലെ വി.കെ .ബി .നായര്‍ തന്റെ പ്രതിവാര പംക്തിയില്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട് .പുസ്തകമായി യുക്തിവാദി സംഘവും,വ്യക്തികളും ചിതങ്ങള്‍ സഹിതം ഈ തട്ടിപ്പ് പ്രസിദ്ധീകരിച്ചിട്ടും ഒരൊറ്റ സര്‍ക്കാരും ഇതേവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല .വര്‍ഷങ്ങളായി സംക്രാന്തി നാള്‍ റിസര്‍വ് ഫോറസ്റ്റ് ആയ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി കത്തിക്കുന്ന സ്ഥലത്തേക്ക് അപരരെ കടത്തി വിടാതെ പോലീസിനെ കാവലിരുത്തിയാണ് ഇതു ചെയ്തു വരുന്നത് .
പൊന്നമ്പലമേട്ടിലേക്ക് തങ്ങള്‍ക്കു പ്രവേശനം നല്‍കണമെന്ന് ഇന്നേവരെ ഒരു മാധ്യമ പ്രവര്‍ത്തകനും ആവശ്യപ്പെട്ടിട്ടില്ല.കേരള പത്രപ്രവര്‍ത്തക യൂണിയനോ,ടി .വി .വാര്‍ത്താ ലേഖകരോ അങ്ങനെയൊരാവശ്യം ഉന്നയിക്കുന്ന പക്ഷം നിരീശ്വരവാദിയായ മുഖ്യമന്ത്രി എന്ത് ചെയ്യും? പൊന്നമ്പലമേട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുറന്നു കൊടുക്കാന്‍ ധൈര്യമുള്ള ഒരു ഭര ണാധികാരി ഇനിയും ജനിച്ചിട്ടില്ലെന്ന് നമുക്കറിയാം .

വിരലിലെണ്ണാവുന്ന യുക്തിവാദികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായൊന്നും ചെയ്യാനാവില്ല .ദിവ്യാത്ഭുതങ്ങള്‍ക്കും,സംഘടിതമായ അന്ധവിശ്വാസ പ്രചരണങ്ങള്‍ക്കുമൊക്കെ പ്രോത്സാഹനം ചെയ്തു കൊടുക്കുന്ന സര്‍ക്കാര്‍,ഭരണഘടനയുടെ അന്തസത്തക്ക് തന്നെ എതിരായാണ് പ്രവര്‍ത്തിക്കുന്നത് .റേഡിയോ,ടി.വി പോലുള്ള മാധ്യമങ്ങളും ഇത് പ്രചരിപ്പിക്കുന്നതിലൂടെ തലമുറകളിലേക്ക് നീളുന്ന കടുത്ത അപരാധമാണ് ചെയ്യുന്നത് .

പൊന്നമ്പലമേട്ടിലെ മകരജ്യോതി ഒരു പ്രതീകമാണ് .സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും പൂര്‍ണ പിന്തുണയോടെ നടത്തപ്പെടുന്ന വിശ്വാസതട്ടിപ്പിന്റെ പ്രതീകം. അതിന്റെ വിജയമാണ് കേരളത്തെ കപട സന്ന്യാസിമാരുടെയും ,അന്ധവിശ്വാസികളുടെയും പറുദീസയാക്കി മാറ്റിയത്.ഇവരുടെ കൂട്ടായ്മ ഭരണകൂടത്തെ തന്നെ ഹൈജാക്ക് ചെയ്യുന്ന ദുരന്തത്തിനാകുമോ പുതു നൂറ്റാണ്ട് സാക്ഷ്യം വഹിക്കുക ?

Sunday 12 July 2009

ഹോമിക്കപ്പെടുന്ന കുരുന്നുജീവിതങ്ങള്‍



വിടരുന്നതിനു മുന്‍പേ നുള്ളി വിരിയിക്കുന്ന പൂമൊട്ടുകളുടെ ദുരവസ്ഥയാണ് നഴ്സറി സ്കൂളിലെ കുട്ടികള്‍ക്ക്.പിഞ്ചു തലച്ചോറിനു ഉള്‍കൊള്ളാന്‍ ആകാത്ത പഠന ഭാരമാണ് അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

തലച്ചോറിലെ നാഡീകോശങ്ങള്‍ പക്വതയെത്താത്ത പ്രായത്തിലുള്ള 'കാണാപ്പാഠം 'പഠിക്കല്‍ ഭാവിയില്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ക്ക് കാരണമാകും .ചെറുപ്രായത്തില്‍ കുട്ടികളെ പഠിപ്പിക്കാനല്ല ,മറിച്ചു പഠിക്കാനുള്ള താല്പര്യം വളര്‍ത്താനാണ് ശ്രമിക്കെണ്ടെതെന്ന കാര്യം രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു .

ആറു വയസ്സിനു മുന്‍പ് അക്ഷരം എഴുതിക്കുന്നത് തലച്ചോറിന്റെ സ്വാഭാവിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കും .ആ പ്രായത്തിനു മുന്‍പ് കുട്ടികളുടെ കൈക്കും കണ്ണിനും പ്രവര്‍ത്തന ഏകോപനം ഉണ്ടാകില്ല .വീട്ടില്‍ സംസാരിക്കാത്ത ഭാഷ ചെറുപ്രായത്തിലെ ക്ലാസ്സില്‍ സംസാരിക്കണമെന്ന് ശറിക്കുന്നതും ദോഷഫലമാണ് ഉളവാക്കുക .ഓര്‍മശക്തിയും ഭാവനയും പോലെ നൈസര്‍ഗികമായി വളര്‍ച്ച പ്രാപിക്കേണ്ടതാണ് ഭാഷ പഠിക്കാനും മനസിലാക്കാനുമുള്ള കഴിവും .പ്രബുദ്ധരെന്നു അവകാശപ്പെടുന്ന കേരളീയര്‍ക്കിടയില്‍ നഴ്സറി വിദ്യാഭ്യാസത്തെക്കുറിച്ച് നിലനില്‍ക്കുന്ന അബദ്ധജഡിലമായ ധാരണകള്‍ വരും തലമുറയെ അപകടകരമായ സ്ഥിതി വിശേഷത്തിലാവും കൊണ്ടെത്തിക്കുക .

പിഞ്ചു കുട്ടികളെ സ്വന്തം അത്യാഗ്രഹങ്ങള്‍ക്കനുസരിച്ച് മത്സര ബുദ്ധിയോടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളെ മനസിലാക്കാന്‍ ശ്രമിക്കാത്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണ് .ഒന്നാം ക്ലാസ്സിലേക്കും എല്‍.കെ .ജി യിലേക്ക് പോലുമുള്ള പ്രവേശന പരീക്ഷകളും ഹോം വര്‍ക്കുകളും എടുക്കാനാകാത്ത പുസ്തകച്ചുമടുമെല്ലാം കുട്ടികളെ എത്ര മാത്രം കഷ്ടപ്പെടുത്തുമെന്ന കാര്യം അയല്‍പക്കത്തെ രക്ഷിതാവുമായുള്ള മത്സരത്തിനിടയില്‍ അവര്‍ മറക്കുന്നു.പ്രവേശന പരീക്ഷകളിലും ടെസ്റ്റ്‌ പേപ്പറുകളിലും ഉണ്ടാകുന്ന പരാജയവും തുടര്‍ന്ന് അച്ഛനമ്മമാരില്‍ നിന്നു കേള്‍ക്കേണ്ടി വരുന്ന തല്ലുമൊക്കെ കുഞ്ഞുങ്ങളുടെ മനസ്സില്‍ മായാത്ത ഭീതിയാണ് വളര്‍ത്തുക .

നിബന്ധനകളും ചട്ടങ്ങളും ഇല്ലാത്ത അന്തരീക്ഷത്തില്‍ കുട്ടികള്‍ സ്വമേധയ കാര്യങ്ങള്‍ ഗ്രഹിക്കുമെന്നുള്ള സത്യം രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല .പുസ്തകങ്ങളില്‍ നിന്നല്ല ചുറ്റുപാടില്‍ നിന്നു പഠിക്കേണ്ട പ്രായമാണ് കുട്ടികള്‍ക്കെന്ന വസ്തുത നഴ്സറികളില്‍ വിസ്മരിക്കപ്പെടുന്നു .കുട്ടികളെ പുറം ലോകം കാണിക്കുകയും സാമുഹിക ഇടപെടലുകള്‍ക്കുള്ള അവസരം ഒരുക്കിക്കൊടുക്കുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ .ഒമ്പതരക്ക് സ്കൂളിലെത്താന്‍ എഴരക്കെ വണ്ടിയില്‍ കയറുന്ന നിര്‍ഭാഗ്യവാന്മാര്‍ ഏറെ .അടുത്തുള്ള നഴ്സറികള്‍ക്ക് മാന്യത പോരെന്നു രക്ഷിതാവ് നിശ്ചയിച്ചാല്‍ പിന്നെ കുട്ടിക്ക് രക്ഷയെവിടെ.

നഴ്സറി യില്‍ പലപ്പോഴും കുട്ടികളെ കാണാതെ പഠിക്കല്‍ യന്ത്രങ്ങളായി കണക്കാക്കുന്ന അധ്യാപികമാര്‍ .ടെസ്റ്റുകളിലെ റാങ്കിങ്ങില്‍ പിന്നോക്കം പോകുന്ന പിഞ്ചു മനസ്സില്‍ ആദ്യമേ വളരുന്നത് അപകര്‍ഷം .നഷ്ടമാകുന്നത് ആത്മവിശ്വാസം .

നാല് വയസുകാരന്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതാത്തതിനും ഹോം വര്‍ക്ക്‌ തെറ്റിച്ചെഴുതുന്നതിനും അക്കങ്ങള്‍ മുന്നോട്ടും പിന്നോട്ടും തെറ്റാതെ എണ്ണാത്തതിനും 'ബുദ്ധൂസ് 'എന്ന് പേരിടുന്ന അദ്ധ്യാപിക .രക്ഷിതാവിനെ വിളിച്ചു വേറെ നഴ്സറി അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന ബുദ്ധിശൂന്യമായ പരിഹാസം .കുട്ടികള്‍ക്ക് വീട്ടിലും ക്ലാസ്സിലും വഴക്കും അടിയും നിന്ദയും .ഇതിനിടയില്‍ മുറിപ്പെടുന്ന പിഞ്ചു മനസിനെ ആരും ഓര്‍ക്കുന്നില്ല .

സ്കൂളിനോടുള്ള ഭയവും പഠിക്കാനായി രക്ഷിതാക്കളും അദ്ധ്യാപകരും ചെലുത്തുന്ന നിരന്തര സമ്മര്‍ദവും കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നു അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു .തലവേദന,തളര്‍ച്ച,വയറുവേദനഎന്നിവയ്ക്ക് കാരണമാകുന്നത്‌ അമിതമായ പഠനവും തിരക്കുള്ള ബസിലെ യാത്രയുമാണ് .ഉത്കണ്ട,ഉറക്കമില്ലായ്മ ,കിടക്കയില്‍ മൂത്രം ഒഴിക്കല്‍ ,നഖം കടിക്കല്‍ ,വിരല്‍ കുടിക്കല്‍ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്‌ നഴ്സറി ജീവിതമാണെന്ന് ഗവേഷണങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് .

കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ വേണ്ടതെന്തെന്ന് അറിയാന്‍ ശ്രമിക്കുക കൂടി ചെയ്യാതെ അനുകരണ ഭ്രാന്തും മത്സരബുദ്ധിയും വച്ചു പുലര്‍ത്തുന്ന രക്ഷിതാക്കളാണ് കുരുന്നുകള്‍ക്ക് നരകം ഒരുക്കുന്നത് .നിരന്തരമുള്ള പരീക്ഷകള്‍ കുട്ടികളെ നന്നായി പഠിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് രക്ഷിതാക്കളുടെ ഇടയില്‍ പരക്കെയുള്ള വിശ്വാസം .യഥാര്‍ത്ഥത്തില്‍ ടെസ്റ്റുകള്‍ കുട്ടിയില്‍ പഠനത്തോടുള്ള ഭയവും വെറുപ്പുമാണ് ഉളവാക്കുന്നത് .കുരുന്നു പ്രായത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ കുട്ടികള്‍ ഭാവിയില്‍ തൊഴില്‍ മത്സര രംഗത്ത് പിന്തള്ളപ്പെടുമെന്നാണ് രക്ഷിതാക്കളുടെ ഭയം .ഇത് തികച്ചും അടിസ്ഥാനരഹിതമാണ് .

കൌമാര പ്രായക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമാസക്തിക്കും പഠന വൈമുഖ്യത്തിനും കാരണമാകുന്നത്‌ ബാല്യകാലത്ത്‌ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലാണെന്ന് പഠനങ്ങള്‍ തെളിയിച്ചു.കൌമാര പ്രായക്കാര്‍ക്ക് ഇടയിലുള്ള അത്മഹത്യ നിരക്കില്‍ കേരളം പാശ്ചാത്യ നാടുകള്‍ക്ക് ഒപ്പമായിരിക്കുകയാണ് .മാനസിക രോഗികളെയും അക്രമികളെയും സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം തുടരണമോയെന്ന കാര്യം രക്ഷിതാക്കളും അദ്ധ്യാപകരും സാമുഹിക രാഷ്ട്രിയ പ്രവര്‍ത്തകരും ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കച്ചവട രംഗമായി അധപതിച്ച നഴ്സറി വിദ്യാഭ്യാസ രംഗം കുട്ടികള്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കെതിരെ രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് വൈകിയാണെങ്കിലും ഡോക്ടര്‍മാരും ശിശുമനശാസ്ത്രന്ജന്‍മാരും മുറവിളി കൂട്ടി തുടങ്ങിയത് ആശ്വാസകരമാണ്.




Saturday 13 June 2009

മലയാളത്തിന്റെ മാധവിക്കുട്ടി


"കാശിയില്‍ അമ്പലപ്പടവുകളില്‍

ഇഴയുന്നത്‌ പാമ്പുകളല്ല

മെലിഞ്ഞ വിധവകളാണ്

അഗതികള്‍ .

ആര്‍ക്കും വേണ്ടാത്തവര്‍

മനോരോഗിണികളെപ്പോലെ

പൊട്ടിപ്പൊട്ടിചിരിക്കുന്നവര്‍

കള്ളക്കണ്ണീര്‍ പൊഴിക്കുന്നവര്‍

ചുളിഞ്ഞ വക്ശോജങ്ങള്‍ ഉള്ള

ചെറുപ്പക്കാരികള്‍ .

ചുളിവീഴാത്ത വൃദ്ധകള്‍ .

അമ്പലപ്പറമ്പില്‍ നിര്‍ലജ്ജം

മലര്‍ന്നു കിടന്നുറങ്ങുന്നവര്‍ ".



കവിതയില്‍ നാലപ്പാട്ടെ മാധവിക്കുട്ടിക്ക് ഇത് രണ്ടാം ജന്മം ആകുന്നു .ലോക പ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയും ആയ മാധവിക്കുട്ടിയുടെ കവിതകളില്‍ പ്രതിഫലിക്കുന്നത് നാലപ്പാട്ടെ നാലുകെട്ടും കുളക്കടവുമല്ല,ലോകത്തിന്റെ നൊമ്പരങ്ങളെ തിരിച്ചറിയുമ്പോള്‍ ഉള്ള ആത്മീയനുഭവത്തിന്റെ സാക്ഷാല്‍ക്കാരമാണ് .

നഷ്ടങ്ങളുടെ കണക്കു കൂട്ടുന്ന ഈ രണ്ടാം ജന്മത്തില്‍ നഷ്ടപ്പെടാതെ അവശേഷിക്കുന്നത് ആദ്യ ജന്മത്തില്‍ തനിക്ക് കിട്ടിയ പേരു മാത്രമായിരിക്കും ."ഞാ‍ന്‍ എന്നുമെന്നും മിസിസ് ദാസ്‌ ആയി അവശേഷിക്കും ".മാധവിക്കുട്ടിയുടെ 'അവശിഷ്ടങ്ങള്‍ ' അവസനിക്കുന്നതിങ്ങനെ .മൂടുപടങ്ങളില്ലാതെ സത്യം വിളിച്ചുപറയുന്ന മാധവിക്കുട്ടിയുടെ രചനകളില്‍ വൈധവ്യത്തിന്റെ കയ്പ്പ് നീരുണ്ട് .'രുക്മിണിക്കൊരു പാവക്കുട്ടിയിലൂടെ 'മലയാളത്തിന്റെ സ്ത്രീപക്ഷ രചനയുടെ തിലകം തൊട്ട കഥാകാരിയുടെ ഭാവങ്ങളില്‍ പെയ്തൊഴിഞ്ഞ മഴയുടെ പ്രതീതി . മുംബൈ കാമാത്തിപുരയിലെ ബാലവേശ്യകളുടെ നൊമ്പരങ്ങള്‍ ആവിഷ്കരിച്ച "രുക്മിണിക്കൊരു പാവക്കുട്ടിയിലെ " ഒരു ദൃശ്യം .



"ഇന്‍സ്പെക്ടര്‍ സഹിബിനോടൊപ്പം രുക്മിണിയെ ആയ തള്ളി വിട്ടു .വാതില്‍ പാളിയില്‍ പിടിച്ചു നിന്നു കൊണ്ടു രുക്മിണി കിടക്കയില്‍ മലര്‍ന്നു കിടക്കുന്ന ആ തടിച്ച മനുഷ്യനെ നോക്കി .വസ്ത്രങ്ങളെല്ലാം ഊരിമാറ്റിയിരുന്നു ."എന്റെ കിളിയല്ലേ ,ഇങ്ങു അടുത്ത് വാ "കാമം കൊണ്ടു നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ വിളിച്ചു .രുക്മിണി അനങ്ങിയില്ല ."നിനക്കെന്നോട് ദേഷ്യമാണോ ഓമനേ "അയാള്‍ ചോദിച്ചു ."മൂന്നു ദിവസത്തിനുള്ളില്‍ ആ പാവക്കുട്ടി നിന്റെതായിരിക്കും ,നിനക്കു അതിന് സീതയെന്നു പേരും ഇടാം ..."രുക്മിണി ,അവളുടെ കൂട്ടുകാരിയുടെ മരണത്തിനു ശേഷം ആദ്യമായി അന്ന് അത് കേട്ടു പൊട്ടിക്കരഞ്ഞു .അവള്‍ അയാളുടെ നെഞ്ചില്‍ മുഖം മറച്ചു വിമ്മിക്കരഞ്ഞു ."പപ്പാ ..പപ്പാ .."അവള്‍ വിളിച്ചുകൊണ്ടിരുന്നു .അതുകേട്ട് അയാള്‍ ഞെട്ടിത്തെറിച്ചു പോയിരുന്നെങ്കിലും അവളുടെ ചുരുണ്ട മുടിയില്‍ അയാള്‍ തഴുകി കൊണ്ടിരുന്നു ."ഓ ..പപ്പാ എന്നെ ഇവിടെ നിന്നും കൊണ്ടു പോകൂ ,അല്ലെങ്കില്‍ ഞാ‍ന്‍ ചത്തു പോകും "ദീനമായി അവള്‍ പറഞ്ഞുകൊണ്ടിരുന്നു .അവളുടെ നെറ്റിയില്‍ അയാള്‍ ഉമ്മ വെച്ചു .കാമം അയാളില്‍ നിന്നു ഓടി ഒളിച്ചു ."പപ്പാ " നീ നിന്റെ അച്ഛനെ ഇങ്ങനെയാണോ വിളിക്കുന്നത് 'അയാള്‍ ചോദിച്ചു .

ഫെമിനിസത്തിന്റെ വാദപ്രതിവാദമോ ലേബലോ ഇല്ലാതെയാണ് അവര്‍ കഥകള്‍ എഴുതിയത് .നഗ്നത സൃഷ്ടിയുടെ സൌന്ദര്യ ലഹരിയാണ് എന്ന് വെട്ടിത്തുറന്നു പറയാന്‍ കെല്പുള്ള കഥാകാരി ആയിരുന്നു മാധവിക്കുട്ടി .പെണ്ണെഴുത്തിന് പിറകെ പോകാതെ സ്ത്രീയെ സ്വയം വിമോചിതയാക്കുന്നതിനുള്ള രചനകള്‍ മാധവിക്കുട്ടി സമ്മാനിച്ചു.'പക്ഷിയുടെ മണം ' എന്ന ഒറ്റ കഥ മതി ഇതിന് തെളിവായി .ഈ കഥയിലെ ഇന്റര്‍വ്യൂ വിനു പോയി ജീവിതം പിച്ചി ചീന്തപ്പെടുന്ന പെണ്‍കുട്ടിയുടെ നെഞ്ഞിടിപ്പ്‌ വായനാലോകത്ത്‌ ഇപ്പോഴുമുണ്ട് .സ്ത്രീകളുടെ ദൈന്യത വിവരിക്കുന്ന 'കാലിചന്ത' എന്ന കഥ മാധവിക്കുട്ടിയെ വിശ്വ കഥാ സാഹിത്യത്തിന്‍റെ ഒത്തനടുവില്‍ പ്രതിഷ്ടിക്കുന്നു.





മലയാളത്തില്‍ സ്വപ്ന യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടി ചേര്‍ത്ത് കഥ പറയുന്ന രീതി കൊണ്ട് വന്നത് മാധവിക്കുട്ടിയാണ്‌ .ബാല്യകാല സ്മരണകള്‍ കുറിച്ചപ്പോള്‍ അതിനു കഥയുടെ ചാരുത കൈ വന്നു .സാഹിത്യകാരന്റെ ജീവിത വസന്തം വായനക്കാരനു സമ്മാനിക്കാന്‍ രചനയിലൂടെ സ്മരണകള്‍ പുഷ്കലമാക്കിയത് ഈ കഥാകാരിയാണ്.എഴുതുമ്പോഴും പറയുംബോഴുമെല്ലാം ഒറ്റപ്പെടലിന്റെ ഭീതി പിടികൂടിയതുപോലെ .വാര്ധ്യക്യം പങ്കിടാന്‍ കൂടെ ഭര്‍ത്താവുണ്ടാകുമെന്നു അവര്‍ ആശിച്ചു ."ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവു മരിക്കുമ്പോള്‍ ശരീരബോധം നഷ്ടപ്പെടുന്നു .തന്റെ ശരീരത്തിന്റെ യഥാര്‍ഥവില അറിഞ്ഞ വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് വ്യക്യ്തമാവുമ്പോള്‍ സ്ത്രീ ശരീര പരിചരണത്തില്‍ ശ്രദ്ധിക്കുന്നില്ല .'അവശിഷ്ടങ്ങള്‍ 'എന്ന കഥ ഇങ്ങനെയാണ് ആരംഭിക്കുന്നത് .മാധവദാസിന്റെ മരണത്തിനു ശേഷമാണ് 'അവശിഷ്ടങ്ങള്‍''രചിച്ചത് .



ഭാവന കൊണ്ടും വാക് ജാലം കൊണ്ടും കഥന സിദ്ധി കൊണ്ടും തനിക്കു ഒപ്പം നടന്നവരെക്കാള്‍ ഇപ്പോഴും ഒരു കാതം മുന്നിലായിരുന്നു മാധവിക്കുട്ടി .എണ്‍പതു കള്‍ക്ക് ശേഷമാണ് മാധവിക്കുട്ടിയുടെ കഥകളില്‍ ആധുനികതയുടെ അതിസ്പര്‍ശം അനുഭവപ്പെട്ടു തുടങ്ങിയത് .അശോകത്തിന്റെയും നീര്‍മാതളത്തിന്റെയും ഇലകളില്‍ മഴ വന്നു തുടി കൊട്ടി പെയ്യുമ്പോള്‍ മാധവിക്കുട്ടി നാലപ്പാട്ടെ തറവാട്ടു മുറ്റത്തായിരുന്നു .ആ ഓര്‍മ്മകള്‍ക്ക് പോലുമുണ്ടായിരുന്നു പൂക്കാലത്തിന്റെ സുഗന്ധം .കല്‍ക്കത്തയില്‍ പിതാവിനോടോപ്പമുള്ള ജീവിതം നാഗരികതയുടെ കൃത്രിമത്വം വരച്ചു കാട്ടാന്‍ സഹായിച്ചു .സ്ത്രീത്വത്തെ സ്വന്തം പ്രതിഭശക്തി കൊണ്ട് പുനര്‍ നിര്‍മ്മിച്ചു കരുത്തു പ്രകടിപ്പിച്ച കവയിത്രിയാണ് മാധവിക്കുട്ടി .ഈ വസന്തത്തിന്റെ തണല്‍ പറ്റിയാണ് ആധുനികോത്തരത യുടെ പിന്‍വാതിലുകളില്‍ അഭയം തേടുന്ന കഥാകാരികളും കവയിത്രികളുമൊക്കെ വളര്‍ന്നത്‌ .



ജീവിതാവസ്ഥ യെക്കുറിച്ചുള്ള സ്വകാര്യമായ അന്വേഷണമാണ് മാധവിക്കുട്ടിയുടെ ഓരോ രചനയും .ജീവിതത്തെയും അതിന്റെ നിസ്സാരതയെയും പറ്റി മറ്റാര്‍ക്കും പറയാന്‍ കഴിയാത്ത നിരീക്ഷണങ്ങള്‍ നടത്തിയെന്നതാണ് മാധവിക്കുട്ടിയെ മലയാള സാഹിത്യത്തിന്റെ അമരക്കാരിയാക്കിയത്.1968 ഇല്‍ കല്‍ക്കത്ത യില്‍ നിന്നു ഇംഗ്ലീഷ് കവിതകളിലൂടെ കമലാദാസ് വരച്ചു കാട്ടിയതും ജീവിതാവസ്ഥയുടെ നിസ്സാരതകള്‍ തന്നെയായിരുന്നു .രാഷ്ട്രീയ നിരീക്ഷണത്തിലും തന്റേതായ കാഴ്ചപ്പാടുകള്‍ അവലംബിക്കുന്നതിനും തനിക്കു തോന്നുന്ന യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നതിലും അവര്‍ അസാമാന്യ ധീരത പ്രകടിപ്പിച്ചിരുന്നു .ഒരേ സമയം മാധവിക്കുട്ടിയും കമലാദാസും കമലസുരയ്യയും ആയി യാഥാര്ധ്യ ജീവിതത്തില്‍ ഒരു കവിത്രയ കഥ ചമയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.നാലപ്പാട്ട് തറവാടിന്റെ ദേശിയ പാരമ്പര്യം വഴി സ്വന്തം വ്യക്തിത്വത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെക്കുയര്‍ന്ന കമലാസുരയ്യയുടെ കാവ്യകഥ സാമുദ്രികം അനുകരിക്കാനാവാത്ത വിധം തനതും സിദ്ധി സാധനകള്‍ ഉള്‍ചേര്‍ന്നതുമാണ്.