Sunday 12 July 2009

ഹോമിക്കപ്പെടുന്ന കുരുന്നുജീവിതങ്ങള്‍



വിടരുന്നതിനു മുന്‍പേ നുള്ളി വിരിയിക്കുന്ന പൂമൊട്ടുകളുടെ ദുരവസ്ഥയാണ് നഴ്സറി സ്കൂളിലെ കുട്ടികള്‍ക്ക്.പിഞ്ചു തലച്ചോറിനു ഉള്‍കൊള്ളാന്‍ ആകാത്ത പഠന ഭാരമാണ് അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

തലച്ചോറിലെ നാഡീകോശങ്ങള്‍ പക്വതയെത്താത്ത പ്രായത്തിലുള്ള 'കാണാപ്പാഠം 'പഠിക്കല്‍ ഭാവിയില്‍ ബുദ്ധിപരമായ വൈകല്യങ്ങള്‍ക്ക് കാരണമാകും .ചെറുപ്രായത്തില്‍ കുട്ടികളെ പഠിപ്പിക്കാനല്ല ,മറിച്ചു പഠിക്കാനുള്ള താല്പര്യം വളര്‍ത്താനാണ് ശ്രമിക്കെണ്ടെതെന്ന കാര്യം രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു .

ആറു വയസ്സിനു മുന്‍പ് അക്ഷരം എഴുതിക്കുന്നത് തലച്ചോറിന്റെ സ്വാഭാവിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കും .ആ പ്രായത്തിനു മുന്‍പ് കുട്ടികളുടെ കൈക്കും കണ്ണിനും പ്രവര്‍ത്തന ഏകോപനം ഉണ്ടാകില്ല .വീട്ടില്‍ സംസാരിക്കാത്ത ഭാഷ ചെറുപ്രായത്തിലെ ക്ലാസ്സില്‍ സംസാരിക്കണമെന്ന് ശറിക്കുന്നതും ദോഷഫലമാണ് ഉളവാക്കുക .ഓര്‍മശക്തിയും ഭാവനയും പോലെ നൈസര്‍ഗികമായി വളര്‍ച്ച പ്രാപിക്കേണ്ടതാണ് ഭാഷ പഠിക്കാനും മനസിലാക്കാനുമുള്ള കഴിവും .പ്രബുദ്ധരെന്നു അവകാശപ്പെടുന്ന കേരളീയര്‍ക്കിടയില്‍ നഴ്സറി വിദ്യാഭ്യാസത്തെക്കുറിച്ച് നിലനില്‍ക്കുന്ന അബദ്ധജഡിലമായ ധാരണകള്‍ വരും തലമുറയെ അപകടകരമായ സ്ഥിതി വിശേഷത്തിലാവും കൊണ്ടെത്തിക്കുക .

പിഞ്ചു കുട്ടികളെ സ്വന്തം അത്യാഗ്രഹങ്ങള്‍ക്കനുസരിച്ച് മത്സര ബുദ്ധിയോടെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളെ മനസിലാക്കാന്‍ ശ്രമിക്കാത്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണ് .ഒന്നാം ക്ലാസ്സിലേക്കും എല്‍.കെ .ജി യിലേക്ക് പോലുമുള്ള പ്രവേശന പരീക്ഷകളും ഹോം വര്‍ക്കുകളും എടുക്കാനാകാത്ത പുസ്തകച്ചുമടുമെല്ലാം കുട്ടികളെ എത്ര മാത്രം കഷ്ടപ്പെടുത്തുമെന്ന കാര്യം അയല്‍പക്കത്തെ രക്ഷിതാവുമായുള്ള മത്സരത്തിനിടയില്‍ അവര്‍ മറക്കുന്നു.പ്രവേശന പരീക്ഷകളിലും ടെസ്റ്റ്‌ പേപ്പറുകളിലും ഉണ്ടാകുന്ന പരാജയവും തുടര്‍ന്ന് അച്ഛനമ്മമാരില്‍ നിന്നു കേള്‍ക്കേണ്ടി വരുന്ന തല്ലുമൊക്കെ കുഞ്ഞുങ്ങളുടെ മനസ്സില്‍ മായാത്ത ഭീതിയാണ് വളര്‍ത്തുക .

നിബന്ധനകളും ചട്ടങ്ങളും ഇല്ലാത്ത അന്തരീക്ഷത്തില്‍ കുട്ടികള്‍ സ്വമേധയ കാര്യങ്ങള്‍ ഗ്രഹിക്കുമെന്നുള്ള സത്യം രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല .പുസ്തകങ്ങളില്‍ നിന്നല്ല ചുറ്റുപാടില്‍ നിന്നു പഠിക്കേണ്ട പ്രായമാണ് കുട്ടികള്‍ക്കെന്ന വസ്തുത നഴ്സറികളില്‍ വിസ്മരിക്കപ്പെടുന്നു .കുട്ടികളെ പുറം ലോകം കാണിക്കുകയും സാമുഹിക ഇടപെടലുകള്‍ക്കുള്ള അവസരം ഒരുക്കിക്കൊടുക്കുകയും മാത്രമേ ചെയ്യേണ്ടതുള്ളൂ .ഒമ്പതരക്ക് സ്കൂളിലെത്താന്‍ എഴരക്കെ വണ്ടിയില്‍ കയറുന്ന നിര്‍ഭാഗ്യവാന്മാര്‍ ഏറെ .അടുത്തുള്ള നഴ്സറികള്‍ക്ക് മാന്യത പോരെന്നു രക്ഷിതാവ് നിശ്ചയിച്ചാല്‍ പിന്നെ കുട്ടിക്ക് രക്ഷയെവിടെ.

നഴ്സറി യില്‍ പലപ്പോഴും കുട്ടികളെ കാണാതെ പഠിക്കല്‍ യന്ത്രങ്ങളായി കണക്കാക്കുന്ന അധ്യാപികമാര്‍ .ടെസ്റ്റുകളിലെ റാങ്കിങ്ങില്‍ പിന്നോക്കം പോകുന്ന പിഞ്ചു മനസ്സില്‍ ആദ്യമേ വളരുന്നത് അപകര്‍ഷം .നഷ്ടമാകുന്നത് ആത്മവിശ്വാസം .

നാല് വയസുകാരന്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതാത്തതിനും ഹോം വര്‍ക്ക്‌ തെറ്റിച്ചെഴുതുന്നതിനും അക്കങ്ങള്‍ മുന്നോട്ടും പിന്നോട്ടും തെറ്റാതെ എണ്ണാത്തതിനും 'ബുദ്ധൂസ് 'എന്ന് പേരിടുന്ന അദ്ധ്യാപിക .രക്ഷിതാവിനെ വിളിച്ചു വേറെ നഴ്സറി അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന ബുദ്ധിശൂന്യമായ പരിഹാസം .കുട്ടികള്‍ക്ക് വീട്ടിലും ക്ലാസ്സിലും വഴക്കും അടിയും നിന്ദയും .ഇതിനിടയില്‍ മുറിപ്പെടുന്ന പിഞ്ചു മനസിനെ ആരും ഓര്‍ക്കുന്നില്ല .

സ്കൂളിനോടുള്ള ഭയവും പഠിക്കാനായി രക്ഷിതാക്കളും അദ്ധ്യാപകരും ചെലുത്തുന്ന നിരന്തര സമ്മര്‍ദവും കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നു അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു .തലവേദന,തളര്‍ച്ച,വയറുവേദനഎന്നിവയ്ക്ക് കാരണമാകുന്നത്‌ അമിതമായ പഠനവും തിരക്കുള്ള ബസിലെ യാത്രയുമാണ് .ഉത്കണ്ട,ഉറക്കമില്ലായ്മ ,കിടക്കയില്‍ മൂത്രം ഒഴിക്കല്‍ ,നഖം കടിക്കല്‍ ,വിരല്‍ കുടിക്കല്‍ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്‌ നഴ്സറി ജീവിതമാണെന്ന് ഗവേഷണങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് .

കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ വേണ്ടതെന്തെന്ന് അറിയാന്‍ ശ്രമിക്കുക കൂടി ചെയ്യാതെ അനുകരണ ഭ്രാന്തും മത്സരബുദ്ധിയും വച്ചു പുലര്‍ത്തുന്ന രക്ഷിതാക്കളാണ് കുരുന്നുകള്‍ക്ക് നരകം ഒരുക്കുന്നത് .നിരന്തരമുള്ള പരീക്ഷകള്‍ കുട്ടികളെ നന്നായി പഠിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് രക്ഷിതാക്കളുടെ ഇടയില്‍ പരക്കെയുള്ള വിശ്വാസം .യഥാര്‍ത്ഥത്തില്‍ ടെസ്റ്റുകള്‍ കുട്ടിയില്‍ പഠനത്തോടുള്ള ഭയവും വെറുപ്പുമാണ് ഉളവാക്കുന്നത് .കുരുന്നു പ്രായത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ കുട്ടികള്‍ ഭാവിയില്‍ തൊഴില്‍ മത്സര രംഗത്ത് പിന്തള്ളപ്പെടുമെന്നാണ് രക്ഷിതാക്കളുടെ ഭയം .ഇത് തികച്ചും അടിസ്ഥാനരഹിതമാണ് .

കൌമാര പ്രായക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമാസക്തിക്കും പഠന വൈമുഖ്യത്തിനും കാരണമാകുന്നത്‌ ബാല്യകാലത്ത്‌ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലാണെന്ന് പഠനങ്ങള്‍ തെളിയിച്ചു.കൌമാര പ്രായക്കാര്‍ക്ക് ഇടയിലുള്ള അത്മഹത്യ നിരക്കില്‍ കേരളം പാശ്ചാത്യ നാടുകള്‍ക്ക് ഒപ്പമായിരിക്കുകയാണ് .മാനസിക രോഗികളെയും അക്രമികളെയും സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം തുടരണമോയെന്ന കാര്യം രക്ഷിതാക്കളും അദ്ധ്യാപകരും സാമുഹിക രാഷ്ട്രിയ പ്രവര്‍ത്തകരും ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കച്ചവട രംഗമായി അധപതിച്ച നഴ്സറി വിദ്യാഭ്യാസ രംഗം കുട്ടികള്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കെതിരെ രക്ഷിതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് വൈകിയാണെങ്കിലും ഡോക്ടര്‍മാരും ശിശുമനശാസ്ത്രന്ജന്‍മാരും മുറവിളി കൂട്ടി തുടങ്ങിയത് ആശ്വാസകരമാണ്.